| Welcome |
| Welcome to the Official Website of Muslim Youth League,Malappuram District Committee. |
| മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. തീവ്രവാദത്തിനെതിരെ മുസ്‌ലിംലീഗ് സ്വീകരിച്ചത് ധീരോദാത്ത നിലപാട്: ഹൈദരലി തങ്ങള്‍ |
മലപ്പുറം: നൈതിക രാഷ്ട്രീയത്തിന്റെ നിലപാടുകള്‍ പുതുതലമുറക്ക് മുമ്പില്‍ അവതരിപ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. മലപ്പുറം വാരിയന്‍കുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് പി.എ.സലാം അദ്ധ്യക്ഷത വഹിച്ചു.
ജനപക്ഷത്ത് നിന്ന് കൊണ്ട് നന്മയുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ് പുലര്‍ത്തുന്നതെന്നും അതിലൂടെ കേരളക്കരക്ക് ദിശോബോധം നല്‍കാന്‍ കഴിഞ്ഞതായും ഉല്‍ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. തീവ്രവാദവും ഭീകരവാദവും കേരളത്തില്‍ വേരൂന്നാതിരിക്കാന്‍ കാരണം മുസ്‌ലിംലീഗിന്റെ സാന്നിധ്യമാണ്. മുസ്‌ലിംലീഗ് സ്ഥാപിത നാള്‍ തൊട്ടേ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പൊരുതികൊണ്ടിരിക്കുകയാണ്. അത്തരക്കാരുടെ മുനകളൊടിക്കാന്‍ മുസ്‌ലിംലീഗിന്റെ ധീരോദാത്തമായ ഇടപെടലിലൂടെ കഴിഞ്ഞതായും തങ്ങള്‍ പറഞ്ഞു. ഇസ്‌ലാം വിലക്കിയ തീവ്രവാദത്തിന് പ്രചാരണം നല്‍കാനുള്ള ഗൂഢശ്രമങ്ങളെ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും എതിര്‍ക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഭാഷാസമരത്തിന് ജീവന്‍ നല്‍കിയ മജീദ്-റഹ്മാന്‍-കുഞ്ഞിപ്പ എന്നിവര്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അവരുടെ ഓര്‍മ്മകളുണര്‍ത്തുന്ന ഭാഷാ സമര സ്മാരകം വേഗത്തില്‍ യാഥാര്‍ത്ഥ്യമാകട്ടെയെന്നും തങ്ങള്‍ ആശംസിച്ചു.
ജില്ല യൂത്ത്‌ലീഗിന്റെ വെബ്‌സൈറ്റ് ഉല്‍ഘാടനം വ്യവസായ -ഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉല്‍ഘാടനം ചെയ്തു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് നീങ്ങിയ ചരിത്രമാണ് മുസ്‌ലിംലീഗിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്താനുള്ള ചിലരുടെ ശ്രമങ്ങളെ മുസ്‌ലിംലീഗ് മുഖവിലക്കെടുക്കുന്നില്ല. അത്തരക്കാരോട് സഹതാപമേയുള്ളൂ. കഴിഞ്ഞ ഇടത് സര്‍ക്കാറിന് 5 വര്‍ഷം കൊണ്ട് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാത്തത് യു.ഡി.എഫ് സര്‍ക്കാര്‍ നൂറ് ദിനം കൊണ്ട് നടപ്പാക്കാനായതായും കുഞ്ഞിലിക്കുട്ടി പറഞ്ഞു. ഇന്ററാക്ഷന്‍ ഭാഗമായി പ്രസിദ്ധീകരിച്ച മാഗസിനുകള്‍ക്കുള്ള ഉപഹാരങ്ങളും കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു.
സത്യസന്ധതയുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ് ഉയര്‍ത്തുന്നതെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അധാര്‍മികതക്കെതിരെയും സാംസ്‌ക്കാരിക ജീര്‍ണതക്കെതിരെയും യുവ സമൂഹം ഉണരണം. അപകടകരമായ സാമൂഹ്യ പരിസരമാണ് ഇന്നുള്ളത്. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗക്കണക്കുകള്‍ മലയാളിയെ ലജ്ജിപ്പിക്കുന്നതാണ്. ധാര്‍മികതയിലേക്ക് നയിക്കാന്‍ ഇടപെടലുകള്‍ അനിവാര്യമാണ്. രാഷ്ട്രീയം നേര്‍ദിശയില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് അരാഷ്ട്രീയ വാദം വളരുന്നത്. മതത്തെ ഭീകരവാദവുമായി ചേര്‍ത്ത് വെക്കരുതെന്നും ഒരു മതവും ഭീകരവാദം പഠിപ്പിക്കുന്നില്ലെന്നും സമദാനി പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി. പി.ഉബൈദുല്ല എം.എല്‍.എ, അഷ്‌റഫ് കോക്കൂര്‍, ടി.വി.ഇബ്രാഹീം പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എം.അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ട്രഷറര്‍ സി.അബ്ദുറഹിമാന്‍കുട്ടി നന്ദിയും പറഞ്ഞു.
സമ്മേളന ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക |